Monday, 4 November 2013

സ്മാർത്തവിചാരം

നിന്റെ അമ്മയാവാം 
നീ പറയുന്നതെല്ലാം ഒരു പക്ഷെ  ശരിയുമാവാം  
പക്ഷെ ഒന്ന് നിഷേധിക്കാനാവില്ല 
നിന്റെ അച്ഛന് വഴങ്ങിയതാണ്  അവർ 

അത് കൊണ്ട് ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് 
പരാതിപെടാൻ അവർക്ക് എന്ത് അർഹത ?

എന്റെ പിഴ എന്റെ വലിയ പിഴ 
മനസ്താപത്തോടെ കിടന്നുറങ്ങി 

Tuesday, 27 August 2013

മറവി

മറന്നു പോയ ഒരു രാത്രി 
ഇന്നലെ സ്വപ്നം കണ്ടു 
മറന്നു പോയത് 
രാത്രി നീല നിറം ചാർത്തി 
നിന്നത് 

അകന്നു പോയ കാലടികൾ 
ഉള്ളിൽ മിടിപ്പുകളായി മാത്രം 
ബാക്കിയായത് 
മിടിപ്പുകൾ മാത്രം 

ഒരു രാത്രിയുടെ ഓർമയായത് 
ഓരോ നിമിഷവും 
മിടിപ്പുകൾക്കൊപ്പം 
ജീവിതം നടന്നു പോയത് 

മറവിയുടെ വഴികളിലേക്ക് 
നടക്കുവാൻ മടിച്ചു തിരിച്ചു നടന്ന 
ഓർമകളെ മാത്രം തൊട്ടു നടന്നത് 

ഞാൻ മറന്നുവോ 
ഞാൻ ഒരു മറവി മാത്രമായത് 

Thursday, 11 July 2013

കാറ്റെടുത്തു പോയ ഒരു മഴപ്പാട്ട്

കാറ്റെടുത്തു പോയ ഒരു മഴപ്പാട്ട്  ..
ഉള്ളിൽ ഒളിച്ചു വച്ചത്
നീ മാത്രം ഒരു കണ്‍കോണിൽ
കണ്ടെടുത്ത്
അറിയാതെ പറഞ്ഞ കഥയിൽ
സ്വയം തോന്നിയത്
നടന്ന വഴിയിൽ
വീണ്ടും നടക്കുമ്പോൾ
കൂടെയില്ലെങ്കിലും
വെറുതെ
വിശേഷം പറയും ..
അല്ലെങ്കിലും വല്യ കാര്യങ്ങൾ ഒന്നുമല്ലല്ലോ
പറഞ്ഞു വരുന്നത്

നിന്നെ കാത്തു നിന്നത്
രാത്രി ചന്ദ്രൻ ബാക്കിയാക്കിയ നിലാവ്
വെളുത്ത പൂക്കളായത് ..
പ്രണയ സ്വപ്നങ്ങൾ ചുവന്നു വിരിഞ്ഞത്

ഇപ്പോൾ ഇവിടെ പെയ്ത മഴ
മരുഭൂമിയിൽ വെളുത്ത് പെയ്യുന്നതായി
നീ മഴയുടെ കുളിരിൽ അലിഞ്ഞു നിൽക്കുനതായി
ആ മഴ ഞാനാവുന്നതായി ..

ഒക്കെ വെറുതെ
ഇവിടെ നനഞ്ഞു പെയ്യുന്ന
കണ്ണീരിന്റെ മൂടുപടത്തിനപ്പുറം
മഴ മാത്രം പെയ്യും ..
കാറ്റടിക്കുമ്പോൾ ചെരിഞ്ഞും ആടിയും
സ്വപ്നങ്ങൾക്കൊപ്പം പെയ്തൊഴിയും

പൂവുകൾ വീണ്ടും വിരിയുമ്പോൾ
ആരാണ് ബാക്കിയാവുക ?





Friday, 17 May 2013

വിലാപം


വിലാപം 

ഒരുകാൽ പാതി മടക്കി ഉയർത്തി 
നീ ഗർവോടെ ആഞ്ഞു ചവിട്ടി ഒന്ന് മുരണ്ടു 
ചുവന്ന കണ്ണിൽ ആജ്ഞ
ഒരു മുറിവിന്റെ പത്തി  ചൂടി 
എന്റെ ചുമലിൽ ആടിയിരുന്നു 

ശിരസ്സിൽ വിലാസ്സവതിയായി ദേവി 
ചുവന്ന പട്ടിൽ തിളങ്ങി 
വെഞ്ചാമരം ,മുത്തുകുട, ആലവട്ടം 
ഉയര്ന്നു നില്ക്കാൻ അലങ്കാരങ്ങൾ 

പിന്കാലിൽ ചൂഴ്ന്നു പഴുത്ത 
പോട് 
ഇരുകാൽ ചുറ്റിയ ചങ്ങല 
ചുറ്റും ശബ്ദഭേരി 
സ്ഫോടനങ്ങൾ 

തിങ്ങി നിറയും ആരാധകവൃന്ദം 
ഫ്ലെക്സ് ചിത്രങ്ങൾ ചരിത്രം പദവികൾ ...പുല്ല് 
 
തലയുയർത്തി കരയാൻ 
ഇല്ല ..കണ്ണുനീർ ബാക്കിയില്ല 
ഉളളിൽ ഒരു പച്ച കാടിന്റെ ചിത്രം 
ചിതലരിക്കുന്നു ..

രക്ഷിക്കാൻ  ആരുടെ ചുമലിലാണ് 
എന്റെ ദൈവം വരുന്നത് 

Thursday, 2 May 2013

രണ്ടാം പാഠം

രണ്ടാം പാഠത്തിൽ 
വിരിയാൻ വച്ച മയിൽ പീലി 
നീ ചോദിച്ചപ്പോൾ 
മടിക്കാതെ തന്നത് 
എന്റെ ഉള്ളിൽ ആ ചോദ്യം 
ഒരു മയിൽ നൃത്തം ചെയ്തു 
കൊഴിഞ്ഞ പീലികൾ 
താഴെ വീണു വിരിഞ്ഞു 

വേദനയുടെ പീലികൾ 

നിന്റെ പുതിയ അതിഥി 
എന്റെ ചുണ്ടിൽ ചോര വീഴ്ത്തി ചിരിച്ചു 
നീയും 
ചോര വീണത്
പരിഹാസ ചിരിയുടെ കിലുക്കത്തിൽ 

കരഞ്ഞു വീർത്ത മുഖം നെഞ്ചിൽ ചേർത്ത് 
ഉള്ളിലേക്ക് നിന്റെ വേദനകളുടെ മുള്ളുകൾ 
ആഴ്ത്തി മുറിക്കാൻ 

നീ വീഴാതെ നടക്കൂ 
മയിൽപീലികൾ വിടരുന്നു 
ഇവിടെ മഴമേഘം നിഴൽ വീഴ്ത്തുന്നു 

Monday, 22 April 2013


ടം 

ഈ മണ്ണ് ഈ ഭൂമി 
ഈ മഴയും ഈ പുഴയും 
ഈ വേനലും ഈ വെയിലും 
എന്റേതല്ല 

ചകിരിനാരിൽ കോർത്ത്‌ നീ നൽകിയ കുരിശും എന്റേതല്ല 

ഓർമയുണ്ട് 
മുലപാലിന്റെ മാധുര്യത്തിനൊപ്പം 
ചെന്നിനായകത്തിന്റെ കയ്പ്പ് നൽകിയ അമ്മയെ 

ഇടതു മാറിലെ നിന്റെ കറുത്ത മറുക് എനിക്കുള്ളതല്ല 

ഓർമയുണ്ട്
അനുവാദം ചോദിക്കാതെ പടി കയറിയെത്തിയ 
കടം കേറി ആരോടും അനുവാദം വാങ്ങാതെ 
ഒരു മുഴം കയറുമായി പടിയിറങ്ങിയ അച്ഛനെ 

നിന്റെ മേൽ ചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് എന്റേതല്ല 

പാതി മറഞ്ഞ ബോധത്തിന് മേൽ ഇരുളിന്റെ നാവു പിഴിഞ്ഞ് നിറച്ച 
ലഹരിയുടെ രാത്രികൾ 

കണികൊന്നയുടെ ഇളം മഞ്ഞ അലിഞ്ഞു ചേര്ന്ന നിന്റെ നഗ്നത എന്റേതല്ല 

ഇനി ഒന്നും ഓർക്കേണ്ടതില്ല 

യേശുവിന്റെ ചോര വാർന്ന  മുഖം  കയ്യിലെടുത്ത് 
മഗ്ദലന മറിയം നെഞ്ചോടു ചേർക്കുന്നു
 ചോരയോട് ചേർന്ന് അവളുടെ മുല പാലും ചുവക്കുന്നു 

യേശുവിന്റെ ചോര വീണു നനഞ്ഞ മണ്ണിൽ 
മറിയത്തിന്റെ മുലപ്പാൽ നനഞ്ഞ മണ്ണിൽ 
നിന്റെ വിയർപ്പു വീണു നനഞ്ഞ മണ്ണിൽ 

വേണ്ട എനിക്കിത്തിരി ഇടം