Friday, 17 May 2013

വിലാപം


വിലാപം 

ഒരുകാൽ പാതി മടക്കി ഉയർത്തി 
നീ ഗർവോടെ ആഞ്ഞു ചവിട്ടി ഒന്ന് മുരണ്ടു 
ചുവന്ന കണ്ണിൽ ആജ്ഞ
ഒരു മുറിവിന്റെ പത്തി  ചൂടി 
എന്റെ ചുമലിൽ ആടിയിരുന്നു 

ശിരസ്സിൽ വിലാസ്സവതിയായി ദേവി 
ചുവന്ന പട്ടിൽ തിളങ്ങി 
വെഞ്ചാമരം ,മുത്തുകുട, ആലവട്ടം 
ഉയര്ന്നു നില്ക്കാൻ അലങ്കാരങ്ങൾ 

പിന്കാലിൽ ചൂഴ്ന്നു പഴുത്ത 
പോട് 
ഇരുകാൽ ചുറ്റിയ ചങ്ങല 
ചുറ്റും ശബ്ദഭേരി 
സ്ഫോടനങ്ങൾ 

തിങ്ങി നിറയും ആരാധകവൃന്ദം 
ഫ്ലെക്സ് ചിത്രങ്ങൾ ചരിത്രം പദവികൾ ...പുല്ല് 
 
തലയുയർത്തി കരയാൻ 
ഇല്ല ..കണ്ണുനീർ ബാക്കിയില്ല 
ഉളളിൽ ഒരു പച്ച കാടിന്റെ ചിത്രം 
ചിതലരിക്കുന്നു ..

രക്ഷിക്കാൻ  ആരുടെ ചുമലിലാണ് 
എന്റെ ദൈവം വരുന്നത് 

Thursday, 2 May 2013

രണ്ടാം പാഠം

രണ്ടാം പാഠത്തിൽ 
വിരിയാൻ വച്ച മയിൽ പീലി 
നീ ചോദിച്ചപ്പോൾ 
മടിക്കാതെ തന്നത് 
എന്റെ ഉള്ളിൽ ആ ചോദ്യം 
ഒരു മയിൽ നൃത്തം ചെയ്തു 
കൊഴിഞ്ഞ പീലികൾ 
താഴെ വീണു വിരിഞ്ഞു 

വേദനയുടെ പീലികൾ 

നിന്റെ പുതിയ അതിഥി 
എന്റെ ചുണ്ടിൽ ചോര വീഴ്ത്തി ചിരിച്ചു 
നീയും 
ചോര വീണത്
പരിഹാസ ചിരിയുടെ കിലുക്കത്തിൽ 

കരഞ്ഞു വീർത്ത മുഖം നെഞ്ചിൽ ചേർത്ത് 
ഉള്ളിലേക്ക് നിന്റെ വേദനകളുടെ മുള്ളുകൾ 
ആഴ്ത്തി മുറിക്കാൻ 

നീ വീഴാതെ നടക്കൂ 
മയിൽപീലികൾ വിടരുന്നു 
ഇവിടെ മഴമേഘം നിഴൽ വീഴ്ത്തുന്നു