Monday, 22 April 2013


ടം 

ഈ മണ്ണ് ഈ ഭൂമി 
ഈ മഴയും ഈ പുഴയും 
ഈ വേനലും ഈ വെയിലും 
എന്റേതല്ല 

ചകിരിനാരിൽ കോർത്ത്‌ നീ നൽകിയ കുരിശും എന്റേതല്ല 

ഓർമയുണ്ട് 
മുലപാലിന്റെ മാധുര്യത്തിനൊപ്പം 
ചെന്നിനായകത്തിന്റെ കയ്പ്പ് നൽകിയ അമ്മയെ 

ഇടതു മാറിലെ നിന്റെ കറുത്ത മറുക് എനിക്കുള്ളതല്ല 

ഓർമയുണ്ട്
അനുവാദം ചോദിക്കാതെ പടി കയറിയെത്തിയ 
കടം കേറി ആരോടും അനുവാദം വാങ്ങാതെ 
ഒരു മുഴം കയറുമായി പടിയിറങ്ങിയ അച്ഛനെ 

നിന്റെ മേൽ ചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് എന്റേതല്ല 

പാതി മറഞ്ഞ ബോധത്തിന് മേൽ ഇരുളിന്റെ നാവു പിഴിഞ്ഞ് നിറച്ച 
ലഹരിയുടെ രാത്രികൾ 

കണികൊന്നയുടെ ഇളം മഞ്ഞ അലിഞ്ഞു ചേര്ന്ന നിന്റെ നഗ്നത എന്റേതല്ല 

ഇനി ഒന്നും ഓർക്കേണ്ടതില്ല 

യേശുവിന്റെ ചോര വാർന്ന  മുഖം  കയ്യിലെടുത്ത് 
മഗ്ദലന മറിയം നെഞ്ചോടു ചേർക്കുന്നു
 ചോരയോട് ചേർന്ന് അവളുടെ മുല പാലും ചുവക്കുന്നു 

യേശുവിന്റെ ചോര വീണു നനഞ്ഞ മണ്ണിൽ 
മറിയത്തിന്റെ മുലപ്പാൽ നനഞ്ഞ മണ്ണിൽ 
നിന്റെ വിയർപ്പു വീണു നനഞ്ഞ മണ്ണിൽ 

വേണ്ട എനിക്കിത്തിരി ഇടം 

1 comment:

  1. സ്വപ്നത്തിലെ നീ..

    ശുഭാശംസകൾ....

    ReplyDelete